Saturday, June 6, 2009

കവിത തന്നെ ജീവിതം
കവിത തന്നെ മരണവും
കവിത തന്നെ കാലചക്രം
കറക്കിടുന്ന ശക്തിയും....!!
.................................................................
കാണുന്നതൊക്കവെ സ്വപ്നമാണെന്നതും
കാണുന്ന സ്വപ്നങ്ങള്‍ സത്യമാണെന്നതും
തോന്നുന്നന്നേരം അതൊന്നുറപ്പിക്ക്യുക
ഭ്രാന്ത്..ഭ്രാന്താണു..ഭ്രാന്താണതെന്ന് ........!!
...................................................
സ്നേഹിപ്പതാരെ ഞാന്‍ ‍....?
സ്നേഹിപ്പതെന്നെ ഞാന്‍
സ്നേഹിപ്പതെന്തിന്ന്‍ ......?
സ്നേഹത്തിനായി............
...................................................................
ശങ്കരന്‍ നെഞ്ചിലെ ശൃംഗാര കുങ്കുമം
തന്റെ തന്റെയെന്നു ശങ്കരീദേവിയും
ദേവതാ ഗംഗയും തമ്മിലായ് കൈലാസ
ശൈലേ കലഹിപ്പതോര്‍ത്തു തൊഴുന്നു ഞാന്‍...
.................................................................
മഴയൊന്നു പെയ്തതും മാക്രികരഞ്ഞതും
മന്ദാരച്ചോട്ടിലെ മുല്ലവിരിഞ്ഞതും
മെല്ലെ നടക്കുന്ന കുഞ്ഞെലി തന്നുടെ
മാംഗല്യയോഗത്തിന്‍ നിമിത്തമത്രേ....!!
.........................................
പണ്ടത്തെ വാനരന്‍
പിന്നെ വാ പോയ് നരന്‍
ഇനിയൊന്നു പോകിലോ
ഹയ്യോ...വെറുമൊരന്‍ ....!!
.....................................................
തുമ്പപ്പൂവിന്‍ തുള്ളല്‍ കണ്ട്
തുമ്പികളെല്ലാം തുള്ളല്‍പഠിച്ചു
തുമ്പികള്‍തന്നുടെ തുള്ളല്‍ കണ്ട്
തുമ്പിക്കൈയ്യന്‍ നിന്നു ചിരിച്ചൂ.......
....................................................................
പദങ്ങളെല്ലാം വിഭോ വരുന്നതല്ലേ ..അത്
പരമാത്മാചൈതന്യ ലീലയല്ലേ....
നമുക്കറിയാത്തതും നമുക്കറിയുന്നതും
നമ്മിലൂടെന്നായൊഴുകി വരും.....!!
...........................................
കെട്ടഴിഞ്ഞുപൊട്ടി
തട്ടിവീണതാണു ഞാന്‍
തൊട്ടിലൊന്നു കെട്ടി
കുട്ടിയാക്കുനെന്നെ......!
....................................................
പോവല്ലേ പോവല്ലേ കൂട്ടുകാരീ
പോവ്വാ‍തിരുന്നാല്‍ കൂട്ടുകൂടാം
പൂവനാം കോഴിതന്‍ കൂവല്‍ കേട്ടാല്‍
പാട്ടു നിറുത്തി പണിക്ക്യു പോകാം
..............................................................................
വെറുതേ ജ്വലിച്ചിടും സൂ‍ര്യന്നു ചുറ്റും
വെറുതേ കറങ്ങുന്ന പന്താണു ഭൂമി
വെറുതേ കറങ്ങുമാ പന്തിന്നു മുകളില്‍
വാശിക്ക്യു പന്തു കളിക്ക്യുന്നു നമ്മള്‍
.......................................................................................................
പോരിക പോരിക പോരാട്ടത്തിനു പ്രേമത്തിന്‍ പടവാളേന്തീ
പോരിക പോരിക വിപ്ലവവീര്യം ആത്മാ‍ര്‍ത്ഥതയില്‍ ചേര്‍ത്തങ്ങ്
പോരിക പോരിക മണ്ണിതില്‍ മാനവ വിത്തുകള്‍ നട്ടുമുളപ്പിക്ക്യാന്‍
പോരിക പോരിക വര്‍ഗ്ഗീയതയെ വെട്ടി ശാസ്ത്രം ഉണര്‍ത്തീടാന്‍
...............................................................
കാത്തിരിപ്പൊന്നങ്ങു തീരുന്ന നാളില്‍
കരിങ്കര്‍ടക കരിനീലരാവില്‍
വെള്ളിടിവെട്ടിഞാന്‍ ഘോരമായ് വന്നിടാം
വങ്കനാം ഒരു വര്‍ഷപാതമായ് മാറി.
..............................................................
നൂറുതികക്ക്യുവാന്‍ ആറൊരു പത്തും
പതിനാറതൊന്നും മൂവട്ടമെട്ടും
ചേര്‍ത്തങ്ങുകൂട്ടി തൊട്ടിലില്‍ കെട്ടി
മാനത്തു നോക്കി പാട്ടൊന്നു പാടാം.....!
................................................................
മൂന്നിനായ് തേടിഞാനുലകങ്ങള്‍ മൂന്നും
മൂന്നുയുഗത്തിലും മൂന്നുകാലത്തിലും
മനസ്സങ്ങുതേടി തളര്‍ന്നോരു നേരം
മൂര്‍ത്തികള്‍ മൂവരും മൂന്നായി വന്നു.
.................................................................
തീയ്യില്‍ കുരുപ്പതും തീയ്യാല്‍ കൊരുപ്പതും
തിങ്കളിന്‍ ശോഭകള്‍ ചാലിച്ചെടുപ്പതും
തങ്കം പൊടിയുന്ന ചിത്രം രചിപ്പതും
തമ്പുരാന്‍ തന്നുടെ തൂലികയാം മനം..
.................................................................
കാമാഗ്ഗ്നിയാല്‍ ജനിച്ചവന്‍
ജഠരാഗ്നിയാല്‍ വളര്‍ന്നവന്‍
ചിതാഗ്നിയില്‍ ലയിപ്പവന്‍
അതിനാലവനൊരു കോപാഗ്നി..!

No comments:

Post a Comment