Tuesday, May 5, 2009

ബാലാദിത്യന്‍

അരുണകിരണ വര്‍ണ്ണ പ്രഭാശോഭിതം
കളകളകിളിനാ‍ദ സംഗീതപൂരിതം
ഗഗനഭാവം പീതവര്‍ണ്ണലാഞ്ചിതം മനോഹരം
നിദ്രവിട്ടുണര്‍ന്നിടുന്ന ബാലരൂപസൂര്യനും

ചക്രവാളമാരുതന്റെ തഴുകിടുന്ന കൈകളും
ചക്രവാകപക്ഷിതന്റെ പ്രേമനയനപതനവും
ചക്രവേഗം തീര്‍ത്തിടുന്ന ധാത്രിതന്‍‌നിശ്വാസവും
ചേര്‍ന്നിടുന്നകറ്റിടാന്‍ അര്‍ക്കബാല്യദുഃഖവും

ആദിയന്തകാരണന്‍ അനന്തശക്തി പ്രോജ്ജ്വലന്‍
ഉദിച്ചിടുന്നനേരമൂര്‍ജ്ജ രാഗരശ്മി കീര്‍ത്തനം
പാടിടുന്ന സ്വര്‍ണ്ണമേഘ താ‍ളമൊത്തങ്ങാടിടും
സാഗരത്തിന്മേലെയുള്ള വര്‍ണ്ണരാജിവിസ്മയം

ബാലനാം ആദിത്യനെപ്പുണര്‍ന്നിടും ഗായത്രിയും
ബാലനാം ഗണപതിക്ക്യേകിടുന്ന ഹോമവും
സപ്തവര്‍ണ്ണ അശ്വരഥ വേഗ പ്രവേഗവും
സപ്തരാഗവീചികള്‍ തന്‍ ഗംഗാപ്രവാഹവും

കുഞ്ഞിളംദിവാകര കടാക്ഷമേറ്റുണര്‍ന്നിടും
കുഞ്ഞുവീരശൂരനാം കുരുവിതന്‍ കിടാങ്ങളും
പൂക്കളും പുഴകളും പുലര്‍ക്കാല തുമ്പിയും
പൂന്തേന്നുണ്ണാനെത്തിടുന്ന മൂളനാം ഭ്രമരവും

നാണമേറും ഹംസറാണി രാജനളദൂതിയും
നടനമാടി നീങ്ങിടുന്ന ചിത്രശലഭക്കൂട്ടവും
നൃത്തവാദ്യ നാട്ട്യ ക്ഷേത്ര ദേവതാദി വൃന്ദവും
താരരാജബാലകന്‍‌തന്‍ നിത്യ കളിക്കൂട്ടുകാര്‍

അരുണകിരണ വര്‍ണ്ണ പ്രഭാശോഭിതം
കളകളകിളിനാ‍ദ സംഗീതപൂരിതം
ഗഗനഭാവം പീതവര്‍ണ്ണലാഞ്ചിതം മനോഹരം
നിദ്രവിട്ടുണര്‍ന്നിടുന്ന ബാലരൂപസൂര്യനും

No comments:

Post a Comment