ഇന്നലെയുമിന്നും നാളയും നാം
തേടുന്നു സ്നേഹത്തിന് പരിലാളനം
കാണുന്നു ക്രൂരമാം പാരിടത്തില്‍
വിങ്ങുന്നസ്നേഹത്തിന് മൃതിവിലാപം
മക്കളെ കൊല്ലുന്ന അമ്മയെപ്പോല്
അമ്മയെ തള്ളുന്ന മക്കളെപ്പോല്‍
സ്നേഹം ഒരു മരണഗീതമായിട്ട-
വനിയില്‍ നിണം ചേര്ന്നൊഴുകിടുന്നൂ.
വഞ്ചനത്തോണിതുഴയുന്നവര് തന്
മുഖം മൂടിയായിന്നു മാറുന്നൂ സ്നേഹം
പതിതര്‍ തന് അന്നത്തില്‍ കൈയ്യിടുന്നോര്
പാടുന്നൂ സ്നേഹത്തിന് സങ്കീര്‍ത്തനം
ആത്മാര്‍ത്ഥ സ്നേഹത്തിന്നുള്ളറകള്
മാറൂന്നൂ സ്വാര്‍ത്ഥമാം കല്ലറയായ്
സമ്പത്തിന് മഞ്ഞവെളിച്ചത്തിന്നായ്
സ്നേഹത്തിന് പുഞ്ചിരികാത്തു നില്പൂ.
മാറുന്നലോകത്തു മാറുന്ന സ്നേഹം
മാറാപ്പുപോലെ തൂങ്ങുന്നുസ്നേഹം
മാറിലെ ചൂടേറ്റുറങ്ങുന്നകുഞ്ഞും
മാറിടും മാനവ സ്നേഹം മറന്നു
പകരം കൊടുക്കും പണത്തിന്നു സ്നേഹം
പരിചയംതന്നിലൊരുപചാര സ്നേഹം
പ്രണയത്തിന് ഭാണ്ഡത്തില്‍ എണ്ണുന്ന സ്നേഹം
ഇനിയെന്നുകാണുമീ നിസ്വാര്‍ത്ഥ സ്നേഹം....?
മാറുന്ന ചിന്താഗതികള്‍...
ReplyDeleteനല്ല പ്രമേയം...