Monday, May 18, 2009

മുറപ്പെണ്ണിനൊരു കുറിമാനം

ഓര്‍ത്തിരിക്ക്യുന്നുഞാനിന്നുമന്നെന്നിലായ

പാതിവിടര്ന്നൊരാ പ്രണയ ദളങ്ങളെ....
കാറ്റിലൂടൊഴുകുമെന്‍ കണ്ണിന്‍ പരാഗണം
ഏറ്റുവാങ്ങുന്ന നിന്‍ കണ്ണിമപീലിയെ...

ഓര്‍ത്തിരിക്ക്യുന്നുവെന്‍ കനവിലൂടൊഴുകിയ
നിന്നിളം കൂന്തലിന്‍ സ്പര്‍ശഭാവങ്ങളെ...
രോമാഞ്ചകമ്പളം കൊണ്ടെന്നെ മൂടിടും
നിന്റെചെന്താമര ചുണ്ടിന്‍ വിതുമ്പലും .....

ഓര്‍ത്തിരിക്ക്യുന്നു നിന്‍ പാദസ്വരത്തിന്റെ
കൊഞ്ചലോടൊത്തൊരാ കിളികള്‍ കൊഞ്ചൂന്നതും
മാഞ്ചോട്ടിലൂഞ്ഞാലിലാടുന്നനിന
്നെ
കുതിര്‍ത്തുവാനെത്തുന്ന പൂമഴത്തുള്ളിയും ...

ഉടയാടയൊട്ടിപിടിച്ചുള്ള നില്പും
നോട്ടവും കണ്ണിലെ നാണത്തിന്‍ ദീപവും
ഇന്നെന്റെഓര്‍മ്മയില്‍ അഗ്നിയായ് മാറിടും
ബാല്യമാം കാല സ്മൃതിതന്‍ പഥങ്ങളും

ഓര്‍ത്തിരിക്ക്യുന്നുവാ കാലങ്ങള്‍ പോയതും
കാടിന്‍ കയങ്ങളില്‍ മുങ്ങിക്കുളിച്ചതും ..
മൈനകളോടൊത്തു പാടിനടന്നതും
പാട്ടുകേട്ടമ്മമാര്‍ കുഞ്ഞടിതരുന്നതും ..

ഓര്‍ത്തിരിക്ക്യുന്നു ഞാന്‍ കൌമാരസ്വപ്നങ്ങള്‍
പൂവിട്ടനാളിലെ പൊന്‍ പ്രഭാജാലവും .....
നിന്നിലായ് പ്രകൃതി തന്‍ തൊടുകുറിയിട്ടതും
എന്നില്‍ വീണന്നൊരാ കൂച്ചുവിലങ്ങതും ..

ഓര്‍ത്തിരിക്ക്യുന്നു ഞാന്‍ ജീവിതചക്രം
തിരിയവേയകലുന്ന ജന്മബന്ധങ്ങളും
ദൂരെനിന്നെങ്ങിലും കാണാന്‍ കൊതിക്ക്യവേ
വാടിക്കൊഴിയുന്നെന്‍ പ്രണയദളങ്ങളും ....

1 comment:

  1. ഈ വേഡ്‌ വെരി ഒഴിവാക്കിക്കൂടേ ?
    വീണ്ടും വരാം..

    ReplyDelete