Thursday, May 13, 2010

മൂകാംബികേ ദേവി സംഗീതലോലേ


മൂകാംബികേ ദേവി സംഗീതലോലേ
മൂന്നുലകങ്ങള്‍ക്കുമാശ്രയം നീയേ..
മൂകാസുരഭീതിനാശിനീ തായേ
വാഗ്വിലാസപരിപോഷിണീ മാതേ.

മൂര്‍ത്തികള്‍ മൂവ്വരും മൂന്നുഗുണങ്ങളും
മുപ്പത്തിമുക്കോടി ദേവഗണങ്ങളും
തൊട്ടുവണങ്ങിടും പാദാംഗുലീ-
നഖകാന്തിയെന്നില്‍ചൊരിയേണമംബികേ

മന്വന്തരങ്ങളും മാറിമാറിപ്പുണര്‍ന്നൊ-
ഴുകിടുംകുടജാദ്രി തന്‍ തപം പോലെ
ജന്മാന്തരങ്ങളില്‍ പതറാതെഞാനും
നമിക്ക്യുന്നു ജ്ഞാനാംബികേ നിന്നെ നിത്യം.

രാഗങ്ങളൊഴുകുന്ന ഓംകാരമുതിരുന്ന
സൌപര്‍ണികാസ്വരകീര്‍ത്തനം പോല്‍
താളത്തിലാടി ഭജിക്ക്യുന്നു ദേവീ
വീണാധരീ മോക്ഷദായിനീ നിന്നെ....

സര്‍വ്വപാപങ്ങളും ഭസ്മീകൃതം തവ
ഭക്തിയാല്‍ ജ്ഞാനാഗ്നിരൂപേ ശിവേ
പത്തിന്ദ്രിയങ്ങളും ബുദ്ധിയും ചിത്തവും
മാതംഗകന്യേ നിനക്കര്‍പ്പിതം.

നിന്നിലേകാഗ്രമാം ധ്യാനമല്ലേ ദേവീ
ജന്മാന്തരങ്ങള്‍ തന്നന്ത്യ ബിന്ദു
ആകയാലംബികേ മമ ജീവനും തവ
രൂപലയനത്തിനഭിവാഞ്ചിതം.

No comments:

Post a Comment