Tuesday, May 26, 2009

മലയാളം

മലയാളം

കാറ്റിലാടും കൊന്നപ്പൂവിന്‍ പാട്ടിനൊത്തൊരു സംഗീതം
ഓടിവള്ളം ഊഞ്ഞാലാടും ഓളത്തിരയില്‍ സല്ലാപം
തുമ്പതുള്ളും താളമൊത്തു തുമ്പിതുള്ളും മലയാളം
അറബിക്കടലിന്‍ ഓളകൈകള്‍ തേടിയെത്തും സങ്കേതം

ചിങ്ങപ്പുലരിതന്‍ അത്തപ്പൂക്കള വര്‍ണ്ണജാലം മലയാളം
തെങ്ങിന്‍ പൂക്കുലയൊല തെറുത്തു തെയ്യമാടും മലയാളം
കേളികൊട്ടും മലയാളം കഥകളിയാടും മലയാളം ​
തിങ്കള്‍ നിലാവിന്‍ തൊടുകുറിതൊട്ട് മോഹിനിയാടും മലയാളം

മാമലമേലെ മയിലാട്ടത്തിന്‍ ചുവടുകള്‍ വക്ക്യും മലയാളം
ഓതിരകടകകളരികളുണരും കേരളത്തിന്‍ മലയാളം
നിളയുടെ പുളിനത്തോടിനടക്കും കാവ്യനര്‍ത്തകി മലയാളം ​
കാമുകിയായി കന്നടത്തില്‍ മുത്തമിട്ടൊരു മലയാളം

മാരിവില്ലെന്‍ മലയാളം മന്ദാരപ്പൂ മലയാളം
മഞ്ചാടിക്കുരു തട്ടി നടക്കും മഞ്ഞക്കിളിയുടെ മലയാളം ​
ചെമ്പടയുണരും മലയാളം തായമ്പകയുടെ മലയാളം
കുടകള്‍ മാറും പൂരത്തട്ടിന്‍ ശബളിമയേറും മലയാളം ​

കവിതകളൊഴുകും മലയാളം കാര്‍ത്തിക ദീപം മലയാളം
ഹരിശ്രീ തന്നില്‍ സംസ്ക്കാരത്തിന്‍ മാറ്റൊലിചിന്നും മലയാളം

കവിത...!!


കനവോ കവിത... കരളോ കവിത...?
കാറ്റിനു കളിയാം കിന്നാരമോ...?
കാലം കാണും കണ്ണിന്നു കണ്ണാം
കന്മദമുണരും മനമോ കവിത...?

സങ്കല്പത്തിന്‍ പല പല വര്‍ണ്ണം
രാഗം തീര്‍ക്കും നൂലില്‍ കോര്‍ക്കും
സുന്ദര ഗന്ധം നുകരാനെത്തും
വണ്ടിനു തേനായ് മാറും കവിത

ഹൃദയം തന്നുടെ ഗീതം കവിത
കാ‍മിനിമാരുടെ മോഹം കവിത
ദുഃഖങ്ങള്‍ തന്‍ ഗാനം കവിത
മൌനം തന്നുടെ ലയനം കവിത

മതിതന്‍ മയൂര നടനം കവിത
മേദിനിതന്നുടെ നാദം കവിത
വാക്കുകള്‍ പെയ്യും മേഘം കവിത
വികാരവര്‍ണ്ണനാ ഭാവം കവിത....!!

Monday, May 18, 2009

മുറപ്പെണ്ണ്.....



ഉണ്ടായിരുന്നെങ്കിലോര്‍മ്മകള്‍ മേയ്യുന്ന
തീരത്തു കൂട്ടിനായൊരുമുറപ്പെണ്ണ്..
ഉണ്ടായിരുന്നെങ്കില്‍ ബാല്യകാലത്തിന്റെ
നൊമ്പരം പങ്കിട്ടെടുക്കുന്ന കണ്ണ്...

കണ്ണോടുകണ്ണിമയനങ്ങാതെനോക്കവെ
പ്രാണന്‍ പിടക്ക്യുന്നൊരനുരാഗനോവ്
കരളന്നു തേടിയൊരു തിങ്കള്‍ നിലാവ്
അണിയുന്നു കൃഷ്ണതുളസിതന്‍ കതിര്

കാവില്‍ കൊളുത്തിയൊരു ദീപലാസ്യങ്ങളായ്
ലയനതാളങ്ങളില്‍ ഭാവരാഗങ്ങളായ്
രാവിന്‍ മുത്തശ്ശി കഥകേട്ടുറങ്ങാന്‍
ഉണ്ടായിരുന്നെങ്കിലൊരുമുറപ്പെണ്ണു

കതിരവന്‍ തന്നുടെ പ്രഭാതകിരണങ്ങളില്‍
മുങ്ങുക്കുളിച്ചുവരുന്നോരു പെണ്ണ്
പെണ്ണ്...പ്രകൃതി തന്‍ പരിഭവം തീര്‍ത്തിടും
ഭാവജാലങ്ങള്‍തന്‍ മൂര്‍ത്തരൂപം

തറവാട്ടുമുറ്റത്തെന്‍ കുങ്കുമപറനിറ-
ക്ക്യൊപ്പമൊരുനെയ് വിളക്കേന്തിവന്നീടുവാന്‍
എന്തേതന്നില്ല ഈശനീജന്മം
ഈറനുടുത്തുവരും ഒരുമുറപ്പെണ്ണ്.....

മുറപ്പെണ്ണിനൊരു കുറിമാനം

ഓര്‍ത്തിരിക്ക്യുന്നുഞാനിന്നുമന്നെന്നിലായ

പാതിവിടര്ന്നൊരാ പ്രണയ ദളങ്ങളെ....
കാറ്റിലൂടൊഴുകുമെന്‍ കണ്ണിന്‍ പരാഗണം
ഏറ്റുവാങ്ങുന്ന നിന്‍ കണ്ണിമപീലിയെ...

ഓര്‍ത്തിരിക്ക്യുന്നുവെന്‍ കനവിലൂടൊഴുകിയ
നിന്നിളം കൂന്തലിന്‍ സ്പര്‍ശഭാവങ്ങളെ...
രോമാഞ്ചകമ്പളം കൊണ്ടെന്നെ മൂടിടും
നിന്റെചെന്താമര ചുണ്ടിന്‍ വിതുമ്പലും .....

ഓര്‍ത്തിരിക്ക്യുന്നു നിന്‍ പാദസ്വരത്തിന്റെ
കൊഞ്ചലോടൊത്തൊരാ കിളികള്‍ കൊഞ്ചൂന്നതും
മാഞ്ചോട്ടിലൂഞ്ഞാലിലാടുന്നനിന
്നെ
കുതിര്‍ത്തുവാനെത്തുന്ന പൂമഴത്തുള്ളിയും ...

ഉടയാടയൊട്ടിപിടിച്ചുള്ള നില്പും
നോട്ടവും കണ്ണിലെ നാണത്തിന്‍ ദീപവും
ഇന്നെന്റെഓര്‍മ്മയില്‍ അഗ്നിയായ് മാറിടും
ബാല്യമാം കാല സ്മൃതിതന്‍ പഥങ്ങളും

ഓര്‍ത്തിരിക്ക്യുന്നുവാ കാലങ്ങള്‍ പോയതും
കാടിന്‍ കയങ്ങളില്‍ മുങ്ങിക്കുളിച്ചതും ..
മൈനകളോടൊത്തു പാടിനടന്നതും
പാട്ടുകേട്ടമ്മമാര്‍ കുഞ്ഞടിതരുന്നതും ..

ഓര്‍ത്തിരിക്ക്യുന്നു ഞാന്‍ കൌമാരസ്വപ്നങ്ങള്‍
പൂവിട്ടനാളിലെ പൊന്‍ പ്രഭാജാലവും .....
നിന്നിലായ് പ്രകൃതി തന്‍ തൊടുകുറിയിട്ടതും
എന്നില്‍ വീണന്നൊരാ കൂച്ചുവിലങ്ങതും ..

ഓര്‍ത്തിരിക്ക്യുന്നു ഞാന്‍ ജീവിതചക്രം
തിരിയവേയകലുന്ന ജന്മബന്ധങ്ങളും
ദൂരെനിന്നെങ്ങിലും കാണാന്‍ കൊതിക്ക്യവേ
വാടിക്കൊഴിയുന്നെന്‍ പ്രണയദളങ്ങളും ....

Thursday, May 14, 2009

സ്നേഹം ....?!!

ഇന്നലെയുമിന്നും നാളയും നാം
തേടുന്നു സ്നേഹത്തിന്‍ പരിലാളനം
കാ‍ണുന്നു ക്രൂരമാം പാരിടത്തില്‍
വിങ്ങുന്നസ്നേഹത്തിന്‍ മൃതിവിലാപം

മക്കളെ കൊല്ലുന്ന അമ്മയെപ്പോല്‍
അമ്മയെ തള്ളുന്ന മക്കളെപ്പോല്‍
സ്നേഹം ഒരു മരണഗീതമായിട്ട-
വനിയില്‍ നിണം ചേര്‍ന്നൊഴുകിടുന്നൂ.

വഞ്ചനത്തോണിതുഴയുന്നവര്‍ തന്‍
മുഖം മൂടിയായിന്നു മാറുന്നൂ സ്നേഹം
പതിതര്‍ തന്‍ അന്നത്തില്‍ കൈയ്യിടുന്നോര്‍
പാടുന്നൂ സ്നേഹത്തിന്‍ സങ്കീര്‍ത്തനം

ആത്മാര്‍ത്ഥ സ്നേഹത്തിന്നുള്ളറകള്‍
മാറൂന്നൂ സ്വാര്‍ത്ഥമാം കല്ലറയായ്
സമ്പത്തിന്‍ മഞ്ഞവെളിച്ചത്തിന്നായ്
സ്നേഹത്തിന്‍ പുഞ്ചിരികാത്തു നില്പൂ.

മാറുന്നലോകത്തു മാറുന്ന സ്നേഹം
മാറാപ്പുപോലെ തൂങ്ങുന്നുസ്നേഹം
മാറിലെ ചൂടേറ്റുറങ്ങുന്നകുഞ്ഞും
മാറിടും മാനവ സ്നേഹം മറന്നു

പകരം കൊടുക്കും പണത്തിന്നു സ്നേഹം
പരിചയംതന്നിലൊരുപചാര സ്നേഹം
പ്രണയത്തിന്‍ ഭാണ്ഡത്തില്‍ എണ്ണുന്ന സ്നേഹം
ഇനിയെന്നുകാണുമീ നിസ്വാര്‍ത്ഥ സ്നേഹം....?

Tuesday, May 12, 2009

Wednesday, May 6, 2009

അര്ദ്ധനാരീശ്വരം


പ്രേമഭാജനത്തെ പകുത്തങ്ങെടുത്തിട്ടു
പരമേശ്വരന്‍ തീര്ക്കുമര്ദ്ധനാരീശ്വരം
പാപികള്ക്കേറ്റം ഭയംകൃതമെങ്ങിലും
പരിചിതില്‍ പ്രണയത്തിന് മൂര്ത്തഭാവം ....!!

കാലഭേരി


വാക്കാമിരുതലവാളിനാല്‍ പ്രകൃതിതന്‍
തീക്കുണ്ഡമദ്ധ്യത്തിലങ്കം കുറിച്ചവന്‍
അന്തരാളങ്ങളില്‍ കൈയ്യിട്ടു ഭൂമിതന്‍
ചുടുജീവരക്തം വലിച്ചങ്ങെടുത്തവന്‍

ജ്വാലയെവെട്ടിപ്പകുത്തങ്ങു മാര്‍ത്താണ്ഡ
മണ്ഡലം ചുറ്റീട്ടലറിക്കുതിപ്പവന്‍
വാനം പകുത്തവന്‍ വിണ്ണില്‍ ലയിച്ചവന്‍
വിസ്മയക്കാഴ്ചകളൊക്കെ പടച്ചവന്‍

പാതാളഫലകങ്ങള്‍ കൂട്ടിയടിപ്പിച്ച്
മേഘം നനക്ക്യും തിരയൊന്നുതീര്‍ത്തവന്‍
കൊടുങ്കാറ്റിന്നിണചേരും പേമാരിയായവന്‍
ദിഗന്തം നടുക്കിടും വിദ്യുത്പ്രവാഹന്‍


ധരണിതന്‍ മാറില്‍ പിടിച്ചങ്ങുടച്ചൊ-
രായിരം ജന്മങ്ങള്‍ തീര്‍ത്തങ്ങെടുപ്പവന്‍
ശ്വാസം കൊടുപ്പവന്‍ അതിനെയെടുപ്പവന്‍
വിധിയെ കരാളമാം കൈകളില്‍ കോര്‍ത്തവന്‍

ശൈവകണ്ഠത്തിലെ കാളസര്‍പ്പം ഇവന്‍
ശക്തിതന്നുജ്ജ്വല കാമരൂപം കാലം .

Tuesday, May 5, 2009

ബാലാദിത്യന്‍

അരുണകിരണ വര്‍ണ്ണ പ്രഭാശോഭിതം
കളകളകിളിനാ‍ദ സംഗീതപൂരിതം
ഗഗനഭാവം പീതവര്‍ണ്ണലാഞ്ചിതം മനോഹരം
നിദ്രവിട്ടുണര്‍ന്നിടുന്ന ബാലരൂപസൂര്യനും

ചക്രവാളമാരുതന്റെ തഴുകിടുന്ന കൈകളും
ചക്രവാകപക്ഷിതന്റെ പ്രേമനയനപതനവും
ചക്രവേഗം തീര്‍ത്തിടുന്ന ധാത്രിതന്‍‌നിശ്വാസവും
ചേര്‍ന്നിടുന്നകറ്റിടാന്‍ അര്‍ക്കബാല്യദുഃഖവും

ആദിയന്തകാരണന്‍ അനന്തശക്തി പ്രോജ്ജ്വലന്‍
ഉദിച്ചിടുന്നനേരമൂര്‍ജ്ജ രാഗരശ്മി കീര്‍ത്തനം
പാടിടുന്ന സ്വര്‍ണ്ണമേഘ താ‍ളമൊത്തങ്ങാടിടും
സാഗരത്തിന്മേലെയുള്ള വര്‍ണ്ണരാജിവിസ്മയം

ബാലനാം ആദിത്യനെപ്പുണര്‍ന്നിടും ഗായത്രിയും
ബാലനാം ഗണപതിക്ക്യേകിടുന്ന ഹോമവും
സപ്തവര്‍ണ്ണ അശ്വരഥ വേഗ പ്രവേഗവും
സപ്തരാഗവീചികള്‍ തന്‍ ഗംഗാപ്രവാഹവും

കുഞ്ഞിളംദിവാകര കടാക്ഷമേറ്റുണര്‍ന്നിടും
കുഞ്ഞുവീരശൂരനാം കുരുവിതന്‍ കിടാങ്ങളും
പൂക്കളും പുഴകളും പുലര്‍ക്കാല തുമ്പിയും
പൂന്തേന്നുണ്ണാനെത്തിടുന്ന മൂളനാം ഭ്രമരവും

നാണമേറും ഹംസറാണി രാജനളദൂതിയും
നടനമാടി നീങ്ങിടുന്ന ചിത്രശലഭക്കൂട്ടവും
നൃത്തവാദ്യ നാട്ട്യ ക്ഷേത്ര ദേവതാദി വൃന്ദവും
താരരാജബാലകന്‍‌തന്‍ നിത്യ കളിക്കൂട്ടുകാര്‍

അരുണകിരണ വര്‍ണ്ണ പ്രഭാശോഭിതം
കളകളകിളിനാ‍ദ സംഗീതപൂരിതം
ഗഗനഭാവം പീതവര്‍ണ്ണലാഞ്ചിതം മനോഹരം
നിദ്രവിട്ടുണര്‍ന്നിടുന്ന ബാലരൂപസൂര്യനും

കലിക...........................................



വിടരാന്‍ കൊതിച്ചിടും മൃദുലമാം ഇതളിന്റെ
സല്ലാപം കേട്ടുറങ്ങുന്നതാണോ കലിക..
പടരാന്‍ കൊതിച്ചിടും പരാഗരേണുക്കള്‍തന്‍
ഗീതികള്‍ കേട്ടു മയങ്ങുന്നതോ കലിക..

ഇന്നലെ വന്നൊരു പുത്തനാം കതിരിനു
മാനം മകുടമായ് ചേര്‍ത്തതാണോ കലിക..
കാര്‍മുകില്‍ മാലകള്‍ വെള്ളിമണിത്തുള്ളിയാല്‍
താളം ​പിടിക്ക്യുന്ന തിങ്കളാണോ കലിക..

കവിതതന്‍ കാളിന്ദിയൊഴുകാന്‍ തുടങ്ങവേ
കാത്തിരിക്ക്യുന്നോരു കാമുകിയോ കലിക
പ്രണയിനി തന്നുടെ ഭാവരാഗങ്ങളെ
കാണാതൊളിപ്പിച്ചു വച്ചതാണോ കലിക

ഹരിതവര്‍ണ്ണങ്ങള്‍ തന്‍ പ്രകൃതിജാലത്തിലെ
തൊടുകുറിയായി മരുവുന്നതോ കലിക
കാവ്യം തന്‍ നവരസ നടനങ്ങള്‍ കാണുവാന്
ഏകാന്ത തടവുകാരന്‍ തീര്‍ത്ത കലിക..

സൌഹൃദത്തിന്നിളം ​തെന്നലില്‍ ചാഞ്ചാടി
സ്വപ്നങ്ങളാം നിറക്കൂട്ടുകള്‍ ചാലിച്ചു
സാഹിത്യ സൌരഭ്യമെങ്ങും പരത്തി
മെല്ലെയൊരു പുഷ്പമായ് വിരിയുന്ന കലിക......