Saturday, March 27, 2010

Wednesday, March 10, 2010

വിധിയറിയാത്തൊരു കുഞ്ഞന്‍ പൂച്ച..!


പന്ത്രണ്ടാനകളലറിക്കൊണ്ട-
ങ്ങുറഞ്ഞുതുള്ളുന്നതിന്റെ നടുവില്‍
പാട്ടും പാടിമലര്‍ന്നുകിടപ്പൂ
വിധിയറിയാത്തൊരു കുഞ്ഞന്‍ പൂച്ച..!

എങ്ങോട്ടോടും..?ചുറ്റിലുമാന-
ക്കാലുകളന്തക നൃത്തത്തില്‍..
ഇടക്ക്യുപൊടിയെവലിച്ചു മാറ്റി
കടന്നുപോകും തുമ്പിക്കൈ...!

അടിച്ചുകൊണ്ടാല്‍ തെറിച്ചു-
ചെന്നിട്ടടുത്ത കാലില്‍ പതിച്ചിടും
നിലത്തുമുത്തി കഴുത്തുളുക്കി
തെറിച്ചുപിന്നേം പറന്നിടും..

കുത്തും കൊമ്പിന്‍ തുമ്പില്‍പ്പെട്ടാല്‍
ചെന്നീടും പാതാളത്തില്‍
പള്ളകള്‍കീറി പതയും വന്ന്
പാതിമരിച്ചുകിടന്നീടും

തമ്മില്‍ഭേദം പാട്ടും പാടി
മലര്‍ന്നു മണ്ണില്‍ കിടപ്പല്ലേ...?
എങ്ങാനും ഒരു ഭാഗ്യക്കീറാല്‍
ഒറ്റച്ചവിട്ടില്‍ തീര്‍ന്നീടും..!

കണികാണണം കണ്ണാ കണികാണണം നിന്നെ


കണികാണണം കണ്ണാ കണികാണണം നിന്നെ
കണികാണണം കള്ളച്ചിരികാണണം
കായാമ്പുവര്‍ണ്ണനിന്‍ കണ്ണില്‍ തുളുമ്പുന്ന
കള്ളനോട്ടങ്ങളും കണികാണണം...

വെണ്ണകട്ടുണ്ണിതന്‍ മഞ്ഞപ്പട്ടാടയും
തുള്ളിക്കളികളും കണികാണണം
ഏഴുവര്‍ണ്ണപ്പീലികള്‍ വീശിയാടിടും
നിന്റെ പൊന്നോടക്കുഴല്‍ കാണണം
കാണണം എത്രകണ്ടാലും മതിവരാ
കമനീയ ഭാവം കണികാണണം..

കണികാണണം കണ്ണാ കണികാണണം നിന്നെ
കണികാണണം കള്ളച്ചിരികാണണം
കായാമ്പുവര്‍ണ്ണനിന്‍ കണ്ണില്‍ തുളുമ്പുന്ന
കള്ളനോട്ടങ്ങളും കണികാണണം...

Monday, March 1, 2010

മലയാളം മനമയൂരനൃത്തം

മരതക മാമല കാ‍റ്റുചൊല്ലി
മലയാളം കുളിരുള്ള ലളിതോദ്യാനം
മാരിവില്ലേഴുപട്ടുടുത്തുചൊല്ലി
മലയാളം വര്‍ണ്ണ മയൂരനൃത്തം

പൂന്തേനണിഞ്ഞു പാല്പൂവുചൊല്ലീ
മലയാളം മാമനമധുരരാ‍ഗം
പുഴകള്‍ ചൊല്ലി തളിരോലചൊല്ലി
തുമ്പയെ ചുംബിച്ച തുമ്പി ചൊല്ലി

ചൊല്ലിയോളത്തളയിട്ടോടിവള്ളവും
ചൊല്ലി തൃക്കര്‍ത്തിക ദീപാവലികളും
ചൊല്ലി തിങ്കള്‍നോമ്പെടുക്കും തുളസിയും
തുള്ളുന്ന തിറതെയ്യ കോമരക്കോലവും

വള്ളംകളികളും തുള്ളല്‍ കഥകളും
ചൊല്ലുന്നുമാറ്റെഴും മലയാള ശീലുകള്‍
ചേരുന്നു ഭാരത പൈതൃകപക്ഷിതന്‍
ചേലൊത്തചിറകിലൊരു മലയാളത്തൂവലായ്
മലയാളത്തനിമതന്‍ ഒരു വര്‍ണ്ണത്തൂവലായ്..