Saturday, February 27, 2010












ഇന്റെര്‍നെറ്റ്


അതുകണ്ടിതുകണ്ടാകെ വലഞ്ഞു
നെറ്റിതുദൈവമേ പറ്റിച്ചല്ലോ...!
തലയങ്ങിട്ടത് അത്യന്തത്തിന്‍
അത്യന്തം ഗുരുതരമാം ലോകം

കിട്ടുമ്മനമതിലോര്‍ത്താലെന്തും
ഉന്നം നോക്കി കുത്തുകൊടുത്താല്‍
ദൂരശ്രവണി കണ്ണന്‍ ക്യാമറ
കലികാലത്തിന്‍ വൈഭവമേ..

പെണ്ണിനു പെണ്ണ് പല പല ലീലകള്‍
പാരില്‍ പാട്ടിന്‍ പാലാഴി
പണ്ടേകാണാനോടിനടന്ന
പല പല പടനിരവേറൊന്ന്

ചിന്തകള്‍ നോക്കിയിരിപ്പിതൊരു ജനമിതില്‍
നാളത്തെ മറുപടികള്‍ക്കായ്
വിവരം വേണോ വരമതുവേണോ...?
എല്ലാം ‘വല‘യില്‍ സുസ്സുലഭം.

ഒരുചങ്ങാതി ഓണ്‍ലൈനായ്
അച്ഛനുമമ്മക്ക്യോഡര്‍ കൊടുത്തു....!!

Sunday, February 21, 2010

കാവ്യമാല്യം


കാത്തിരിക്ക്യുന്നു ഞാന്‍ കാലങ്ങളായിനിന്‍
കമനീയമാം കാവ്യചാരുതയിലൊഴുകാന്‍
കാണുന്നു കനവിന്റെ കവിതകള്‍ വിരിയുന്ന
കാമിനീ നിന്നുടെ കടമിഴിക്കോണുകള്‍...

സ്വപ്നചിത്രങ്ങളില്‍ പ്രേമഭാവങ്ങള്‍ തന്‍
സിന്ദൂരവര്‍ണ്ണങ്ങള്‍ നീ നിറച്ചു
നിന്റെമൈലാഞ്ചികരയിട്ടകൈകളില്‍
അക്ഷരഗംഗാപ്രവാഹങ്ങള്‍ തേടിഞാന്‍

ആദ്യാക്ഷരങ്ങള്‍ തന്‍ ആനന്ദനൃത്തത്തില്‍
അനുപമേ നിന്നകകാന്തിഞാന്‍ കണ്ടു...
ആയിതള്‍ചുണ്ടിലും നനുകവിള്‍തടത്തിലും
കണ്ടുഞാനായിരം ഭാവങ്ങളലകളായ്

ആശയനൂലിഴ പൊട്ടുമ്പോളൊഴുകുന്ന
കണ്ണീരിനക്ഷരകണങ്ങളും കണ്ടുഞാന്‍
പുഞ്ചിരി രാഗത്തിനോടൊത്തു ചിതറിടും
ശ്രുംഗാരലോലമാം പദങ്ങളും കണ്ടുഞാന്‍

കണ്ടുഞാനായിരം കാതങ്ങള്‍ താണ്ടിനീ‍
ഏതോപദത്തിനായ് തപത്തിനു പോയതും
താളംവിളക്കുവാന്‍ ചൂളം വിളിക്ക്യുന്ന
ഓലക്കുരുവിയെ ഓരത്തുവച്ചതും

കാണുന്നുഞാന്‍ സഖീ തേന്‍ വണ്ടുമൂളുന്ന
നേരത്തു ശ്രുതിചേര്‍ത്തു പാടിനോക്കുന്നതും
പാടവരമ്പിലൂടോടുമ്പോള്‍ നിറകതിര്‍
വരിയില്‍ നിന്നൊരുവരി നീയുതിര്‍ത്തുന്നതും

സുഖരസസംഗീത ധാരയായ് മാറിടും
സുന്ദരസങ്കല്പപുഷ്പങ്ങള്‍ കോര്‍ത്തൊരാ
കാവ്യമാല്യം നീയെന്നിലണിയുന്നതും
നീയാകുമക്ഷരത്തില്‍ ഞാന്‍ ലയിപ്പതും.

...!“““...നാം...”””!...


അതല്ല നാ മിതല്ല നാ
മിതല്ല നാ മതല്ല നാം
ശുദ്ധമായ ബ്രഹ്മബോധ
മൊന്നുമാത്രമാണു നാം

ആദിയന്തരൂപമല്ല
അന്തരംഗഭാവമല്ല
നിര്‍മ്മലത്ത്വമേറിടുന്ന
സത്യബോധമാണു നാം

ഇന്ദ്രിയത്തിലോടിയെത്തും
സുന്ദരങ്ങളല്ല നാം
കണ്ണിനെ കുതിര്‍ത്തിടുന്ന
കാവ്യഗംഗയല്ല നാം

മനസ്സിലങ്ങുലാത്തിടുന്ന
ചിന്താഭാരമല്ല നാം
ബുദ്ധിയില്‍ പ്രകാശമോതും
യുക്തിദീപമല്ല നാം

രാവിലും പകലിലും
കാലമായി സാക്ഷിയാം
എന്റെയെന്നു തോന്നിടുന്ന
ഭാവമാത്രയല്ല നാം

അതല്ല നാ മിതല്ല നാ
മിതല്ല നാ മതല്ല നാം
ശുദ്ധമായ ബ്രഹ്മബോധ
മൊന്നുമാത്രമാണു നാം

...സംഗീതം...


നീലാംബരി രാഗമദ്ധ്യേകൊരുത്തൊരാ
പുഷ്പപദങ്ങള്‍ തന്‍ നൃത്തവര്‍ണ്ണധ്വനി
ഏകുന്നുവകതാരില്‍ ആയിരം അലകളായ്
സ്വരരാഗ സംഗീതസ്വര്‍ഗ്ഗീയനിര്‍ധരി...

കര്‍ണ്ണപഥങ്ങളിലൂടെയങ്ങൊഴുകിടും
ആനന്ദധാരയെ കാത്തിനിപ്പെന്മനം
ജീവിതധാരതന്‍ സമ്പൂര്‍ണ്ണ ലയനം
സാദ്ധ്യമാക്കും പ്രിയശാരദാ കീര്‍ത്തനം

ശിഖരമുപേക്ഷിച്ചങ്ങോളത്തിലാടി
ഒഴുകുന്ന കുഞ്ഞില തളിരുകള്‍ പോലെ
താളത്തിലാറാടി നീങ്ങുന്ന വാക്കുകള്‍
തീര്‍ക്കുന്നു ആത്മാവിലാനന്ദനടനം

ശ്രുതിയിലായ് സുന്ദരസങ്കല്‍പ്പരമണവും
വാദ്യഘോഷങ്ങള്‍ തന്നകമ്പടിനാ‍ദവും
മാറ്റെഴുംവാക്കിന്റെ മര്‍മ്മരഗീതവും
ചേര്‍ക്കുന്നു ചിത്തത്തിലാമോദഭാവം..

സ്വരങ്ങള്‍ഭാവങ്ങളെ ചുംബിച്ചുണര്‍ത്തവേ
ഉണരുന്നു ആയിരം താരക രേഖകള്‍
ചേരുന്നുഅവയെല്ലാം ആന്തരാഗത്തിന്‍
അനുപമമാം ആസ്വാദനമാത്രയില്‍...

ഞാന്‍ എന്ന പ്രഹേളിക...

ഞാന്‍ എന്ന പ്രഹേളിക തേടി ഞാന്‍
നാളുകളേറെയായ് അലയുന്നുവെന്നില്‍
എന്നന്തരംഗത്തിലുണരുന്നൊരലയായി
ഉത്തരം തേടുന്ന ഞാനെന്ന ചോദ്യം..!

കണ്ണാണോ ഞാന്‍ , അല്ല കണ്ണെന്റെയല്ലേ...
കയ്യാണോ ഞാന്‍ , അല്ല കയ്യ്യെന്റെയല്ലേ..
ആ‍കുന്നുവോ പ്രാണനാം വായുഞാന്‍
ആവില്ല അതുവന്നു പോവതല്ലേ..?

പഞ്ചപ്രകാരമാം ഭൂത പ്രകൃതിയോ
പഞ്ചീകരണഫല സ്ഥൂല ദേഹമോ
ദേഹനിയന്താവാം ബുദ്ധിചൈതന്യമോ
അതിനൊക്കെയാധാരമാം ശുദ്ധബോധമോ...

ലോകത്തിലുണ്ടു ഞാന്‍ സ്വപ്നത്തിലുണ്ടു ഞാന്‍
അറിയുന്നു ഗാഢമാം നിദ്രാസുഖത്തെയും
അറിവിന്‍ കണങ്ങളെ രേഖപ്പെടുത്തുന്ന
നാലാമനാം നിത്യ സാക്ഷിയോ ഞാന്‍..?

Thursday, February 18, 2010

ബാല്യകാല സഖി.


കട്ടും കൈയ്യിട്ടെടുത്തും കടല
പ്പരിപ്പു ഞാന്‍ കൊണ്ടന്നു തന്നതല്ലേ സഖീ....
എന്നിട്ടുമെന്തിന്നു കരിങ്കൂവളമിഴി
കൂര്‍പ്പിച്ചു നീയെന്നെ നോക്കിടുന്നൂ....

അരയാല്‍ ചുവട്ടിലെ പെട്ടികടയിലെ
ആടികളിക്കുന്ന പാവക്കുരങ്ങനും
അമ്മയറിയാതെ പപ്പടവടയൊന്നും
നിനക്കായ് ഞാന്‍ കൊണ്ടു തന്നതല്ലേ...?

കപ്പലണ്ടി ചെക്കന്റെ നോട്ടത്തില്‍
നിന്നും ഞാന്‍ നിന്നെരക്ഷിച്ചതല്ലേ...
എന്നിട്ടുമെന്തിനു കാവടിപൂരത്തി
ന്നിടയിലൂടെന്നെ നീ തുറിച്ചുനോക്കീ...?

ചെണ്ടമേളത്തിനോടൊത്തങ്ങു തുള്ളീതും
ആനയെതൊട്ടത്തും നിനക്കു വേണ്ടി
ഏടത്തിചെവിയില്‍ പിടിച്ചു തിരിച്ചപ്പോള്‍
നുണകള്‍ പറഞ്ഞതും നിനക്കു വേണ്ടി

ആരോടും പറയല്ലേ ആരോടും പെണ്ണേ
ആദ്യമായ് തന്നൊരാ ചെറുചുംബനം......

Sunday, February 14, 2010

രാത്രി ഒരു കാമിനി.


ഇനിയും വരും രാത്രികള്‍ പകലിനെ തേടി...
പണ്ടേ കൊതിച്ചൊരാ പ്രിയനെ തേടി..
ഇന്നും പിടിതരാതൊഴിഞ്ഞങ്ങു പോയൊരാ
പ്രാണന്റെ നാഥനാം പകലിനെ തേടി...

പ്രിയന്റെ ചൂടിന്‍ പരിഹാരമായവള്‍
അമ്പിളികുളിരുമായ് വീണ്ടും വരും
കൂന്തലില്‍ താരക പൂക്കളോടെ
നിലാ നീല ഭസ്മക്കുറികളോടെ...

മെല്ലെ മനസ്സിനെ ഉണര്‍ത്തുന്ന പകലിന്റെ
കാമിനി നിദ്രയെ ചേര്‍ക്കുന്ന മോഹിനി...
പുലരിയില്‍ കിളികുല സ്വരങ്ങള്‍ വിളിച്ചാലും
ഒരുമാത്രനില്‍ക്കാതെ പോയിടും രാത്രി...

എങ്കിലും സന്ധ്യേ എന്തേ നീ ഇന്നും
ചൊന്നില്ല പകലിനോടിവളുടെ പ്രേമം...?
അതോ..ഇവളറിയാതെ നീ ഇടവേള നേരത്ത്
തീര്‍ന്നുവോ പകലിനു തോഴിയായി..?!