Thursday, May 13, 2010

മൂകാംബികേ ദേവി സംഗീതലോലേ


മൂകാംബികേ ദേവി സംഗീതലോലേ
മൂന്നുലകങ്ങള്‍ക്കുമാശ്രയം നീയേ..
മൂകാസുരഭീതിനാശിനീ തായേ
വാഗ്വിലാസപരിപോഷിണീ മാതേ.

മൂര്‍ത്തികള്‍ മൂവ്വരും മൂന്നുഗുണങ്ങളും
മുപ്പത്തിമുക്കോടി ദേവഗണങ്ങളും
തൊട്ടുവണങ്ങിടും പാദാംഗുലീ-
നഖകാന്തിയെന്നില്‍ചൊരിയേണമംബികേ

മന്വന്തരങ്ങളും മാറിമാറിപ്പുണര്‍ന്നൊ-
ഴുകിടുംകുടജാദ്രി തന്‍ തപം പോലെ
ജന്മാന്തരങ്ങളില്‍ പതറാതെഞാനും
നമിക്ക്യുന്നു ജ്ഞാനാംബികേ നിന്നെ നിത്യം.

രാഗങ്ങളൊഴുകുന്ന ഓംകാരമുതിരുന്ന
സൌപര്‍ണികാസ്വരകീര്‍ത്തനം പോല്‍
താളത്തിലാടി ഭജിക്ക്യുന്നു ദേവീ
വീണാധരീ മോക്ഷദായിനീ നിന്നെ....

സര്‍വ്വപാപങ്ങളും ഭസ്മീകൃതം തവ
ഭക്തിയാല്‍ ജ്ഞാനാഗ്നിരൂപേ ശിവേ
പത്തിന്ദ്രിയങ്ങളും ബുദ്ധിയും ചിത്തവും
മാതംഗകന്യേ നിനക്കര്‍പ്പിതം.

നിന്നിലേകാഗ്രമാം ധ്യാനമല്ലേ ദേവീ
ജന്മാന്തരങ്ങള്‍ തന്നന്ത്യ ബിന്ദു
ആകയാലംബികേ മമ ജീവനും തവ
രൂപലയനത്തിനഭിവാഞ്ചിതം.

കാളിന്ദീ പരിദേവനങ്ങള്‍....


“കാളിന്ദിയും കാമിച്ചിരുന്നു കണ്ണാ...
ചാരെ നിന്‍ വൃന്ദാവനോദ്യാന തീരേ
വെള്ളിമേഘഛായമാലയിട്ടും
നീലനിലാവിലുറങ്ങാതൊഴുകിയും
കാറ്റിനോടൊപ്പം കനവുകള്‍കണ്ടും
കണ്ണീരാല്‍ നിന്‍ തളിര്‍പാദം നനച്ചും.
കാല്‍ത്തളക്ക്യൊത്തു കുണുങ്ങിച്ചിരിച്ചുമീ-
കാളിന്ദിയും കാമിച്ചിരുന്നു കണ്ണാ
കാതരയായ് നിന്നെ കാലങ്ങളോളം....

ചാടുന്ന കുഞ്ഞന്‍ മുയലിനോടൂം
ജലകേളിയാടിടും മാനിനോടും
ചാരെവരും ചെറു കുയിലിനോടും
ചൊല്ലിഞാന്‍ കണ്ണനോടുള്ള പ്രേമം

എന്നെ തലോടിയ പൂങ്കാറ്റിനോടും
അതിലൂടെയൊഴുകുന്ന പൂമണത്തോടും
ചൊല്ലി ഹംസാംഗനത്തോഴിയോടും.
എന്‍ പ്രാണപ്രേമപരിദേവനങ്ങള്‍‍...

എന്നിട്ടുമെന്തേ അവരാരുമിന്നും
കാര്‍വര്‍ണ്ണനോടതു ചൊന്നതില്ല..?
കുട്ടികുസൃതിയില്‍ മറന്നതാണോ..? അതോ..
രാധയെ പേടിച്ചിരുന്നതാണോ..?!!”

“അവതാരലീലക്ക്യു വൃന്ദാവനത്തില്‍ ഞാന്‍
വന്നതു നിനക്കായി മാത്രമല്ലേ .. സഖേ...?
അവതാരബാല്യത്തിന്‍ ആനന്ദനടനവും
കളമൊഴീനിന്‍ശ്വാസകാറ്റില്ലല്ലോ...
നിന്റെ ദൂതന്‍ കുളിര്‍ക്കാറ്റും മറക്കുമോ
എന്റെ പുല്ലാങ്കുഴല്‍നാദ ശ്രുതികളെ....

എന്നുമെന്നും പുലര്‍ക്കാലത്തു നിന്നെ
തലോടിക്കുളിച്ചതും തുടിച്ചു കളിച്ചതും
കുതിച്ചും കുടിച്ചും ലയിച്ചു കിടന്നതും
കാമിനീകാളിന്ദീ നീ മറന്നോ...?

ഗോപികറിയിട്ട് ഗോക്കളെമേച്ചതും
കാനനഛായയില്‍ മൂരികളിച്ചതും
നന്ദകുമാരവും ഗോപാലഭാവവും
നിനക്കായ് ഒളിച്ചു കളിച്ചതല്ലേ..?സഖീ

നിന്റെ കളകളകൊഞ്ചലിലാടിയും
നാഭിയില്‍ എന്‍മുഖം ചേര്‍ത്തുഞാന്‍ വച്ചതും
ചുംബിച്ചുണര്‍ത്താന്‍ ശ്രമിച്ചു ചിരിച്ചതും
നിന്നോടെനിക്ക്യുള്ള പ്രണയദാഹം..സഖേ.

അവതാരലീലകള്‍ തീര്‍ത്തു ഞാന്‍ പിന്നെ
അംബരമായ് മാറി പുണരുകില്ലേ നിന്നെ..!

പ്രേമപരാഗണമോരോന്നുമൊപ്പിഞാന്‍
എന്നിലേക്ക്യംശിച്ചെടുക്കുകില്ലേ..? നിത്യം
ആത്മരാ‍ഗങ്ങള്‍ തന്‍ ആനന്ദലഹരിയാല്‍
മോക്ഷപദങ്ങളില്‍ ചേര്‍ത്തിടാം നിന്നെ.

സങ്കല്‍പ്പം

അനുസ്വാരം കൊണ്ട് പൊട്ടു തൊട്ടു ,
ആശ്ചര്യചിഹ്നങ്ങള്‍ തന്‍ കമ്മലിട്ടു,
ഭാവാത്മകതയാല്‍ കണ്ണെഴുതി,
ചന്ദ്രക്കലയൊന്ന് മുടിയില്‍ തിരുകി,
അര്‍ദ്ധവിരാമങ്ങള്‍ കോര്‍ത്ത പാലക്ക്യാമോതിരം
വിസര്‍ഗങ്ങളാലരപ്പട്ട....ചോദ്യചിഹ്നങ്ങള്‍ ഒന്നിടവിട്ടു ചാര്‍ത്തിയത്...

രാഗങ്ങളാം മുടി കോതിവച്ച്...
പ്രഥമവര്‍ണ്ണങ്ങള്‍ തന്‍ ഉടയാടയണിഞ്ഞ്,
ഏഴുവര്‍ണ്ണങ്ങളും ചേര്‍ത്ത് മുലക്കച്ച കെട്ടി,
അവസാന ബിന്ദു എടുത്ത് ഇടം നുണക്കുഴിയില്‍ കുത്തുമിട്ട് അവളിറങ്ങി...

ഇടക്ക്യൊന്നു നിന്നു കുണുങ്ങി....സ്വയം പറഞ്ഞു.
“ ഞാനെത്ര സുന്ദരിയാണ്, പക്ഷെ എന്നെ ആരും കാണുന്നില്ലല്ലോ . . .! ”
ആരെയോ തേടി അവള്‍ ചലിച്ചു...ചിലങ്കാനാദമുണര്‍ന്നു...

യാത്രക്കൊടുവില്‍ അവള്‍ കണ്ടെത്തി....
തന്റെ നടനതാളത്തില്‍ വര്‍ണ്ണങ്ങള്‍ വിടര്‍ത്തുമൊരു മനസ്സിനെ....
അതിന്‍ തൂലികത്തുമ്പിലൂടെ ഊര്‍ന്നിറങ്ങി ഒരു കവിതയായ് മാറി അവളാത്മസംതൃപ്തി നേടി...!

ഹരിതാഭസംരക്ഷണം


അന്ധകാരത്തിന്റെ അന്തരാളത്തിലൊ -
രുജ്ഞാനമിന്നല്‍ പിണറായി മാറൂ
ഹരിതാഭയെ പറിച്ചെറിയുന്ന മര്‍ത്ത്യന്റെ
ഹൃദയത്തിലറിവിന്റെ മഴുവായിയേറൂ

ചൊല്ലണം സഹജീവിയാണിതു സോദരാ
നാളെ നിന്‍ മക്കള്‍ക്കു വെള്ളം കൊടുപ്പവര്‍
മഴയെവരുത്തവര്‍ തണലേവിരിപ്പവര്‍
ശുദ്ധമാം വായുവാല്‍ പ്രാണനെ പോറ്റവര്‍

എന്തിന്നു ദുഷ്ടാ..?!ആ‍ര്‍ത്തിവിട്ടൊന്നു നീ
ശുദ്ധ ശ്വസന സുഖത്തെയൊന്നോര്‍ക്കൂ
നനവിനെയോര്‍ക്കൂ തളിരിനെയോര്‍ക്കൂ
പരിശുദ്ധവെള്ളം കുടിപ്പതൊന്നോര്‍ക്കൂ

സ്നേഹത്തെയോര്‍ക്കൂ ത്യാഗത്തെയോര്‍ക്കൂ
ഔഷധമഹിമകള്‍ ഓരോന്നുമോര്‍ക്കൂ
നാളെയും നമ്മളെ നാമാക്കി നിര്‍ത്തിടും
പ്രകൃതിയാം പരസ്പര ബന്ധത്തെയോര്‍ക്കൂ

അന്ധകാരത്തിന്റെ അന്തരാളത്തിലൊ -
രുജ്ഞാനമിന്നല്‍ പിണറായി മാറൂ
ഹരിതാഭയെ പറിച്ചെറിയുന്ന മര്‍ത്ത്യന്റെ
ഹൃദയത്തിലറിവിന്റെ മഴുവായിയേറൂ .
-- ഒരു മരം.

...കവിത്വം...!!


പണ്ടാരം...!! ...സഹിക്ക്യാന്‍ പറ്റാത്തോണ്ടാ...

മൂക്കുകുത്തിച്ച്
കഴുത്തൊടിച്ച്
നട്ടെല്ലൊന്നു വലിച്ച് കുടഞ്ഞും നോക്കി....ഇല്ല.. രക്ഷയില്ല..!

വലിച്ചു നീട്ടി...
വെട്ടിച്ചുരുക്കി..
നെഞ്ചുപിളര്‍ന്ന് ചങ്കൂമാറ്റി വച്ചു നോക്കി....ഇല്ല..രക്ഷയില്ല..!

ഓരോ അംഗങ്ങളും വെട്ടി
തരം തിരിച്ച് മാറ്റി
ചെര്‍ത്തുവച്ചു നോക്കി.....ഇല്ല ...രക്ഷയില്ല....!!

ഒരു തുള്ളി ജീവന്‍ വന്നിട്ടില്ല,,,,!!... വരുന്നമട്ടുമില്ല...!!

ഒരിക്ക്യല്‍ കൂടി....അവസാനമായ്.....
വാലില്‍ പിടിച്ച് കറക്കി
താഴത്തടിച്ചു മലര്‍ത്തി
ഒരനക്കവുമില്ല....ഇവന്‍ ഉത്തരാധുനീകനോ..?! അതോ ദക്ഷിണായനനൊ...?!

ഇപ്പോഴാണെല്ലാം മനസ്സിലായത്
പണ്ട് ക്ലാസ്സിലിരുന്ന് കുത്തിവരച്ചതിന്
കാലന്തോമ്മാസാറ് വച്ച് തന്ന പണിയാണെന്നിലെ കവിത്വമെന്ന്.....!!

പണ്ടാരം .... സഹിക്ക്യാന്‍ പറ്റാത്തോണ്ടാ.....!!

കപ്പലണ്ടി.


കാശിയില്‍ ചെന്നു ചേരണമെന്നായിരുന്നൂ ആഗ്രഹം...

എത്തിപ്പെട്ടതോ വറചട്ടിയില്‍...

ഉപ്പും മുളകും ചേര്‍ത്ത് എണ്ണയിലിട്ട് പൊരിച്ചു..

ഇപ്പോഴിതാ അംഗുലീപരിലാളനമേറ്റ്

ചാക്രിക ചലനങ്ങളുടെ ഇടയിലേക്ക്....... ക്രും ... ശുഭം..!

- കുഞ്ഞുകപ്പലണ്ടി.

...അനുരാഗനാളം...


ആഷാഢ പൌര്‍ണ്ണമി നാളിലിന്നോമലേ
ആയിരം ദീപങ്ങള്‍ ഞാന്‍ തെളിക്ക്യാം
അതിലൊരനുരാഗ നാളമായ് നീ സഖീ
എന്‍ മുന്നിലാടിക്കളിക്ക്യയില്ലേ...

തളിരിളംകാറ്റിലങ്ങാടകള്‍ വീശി നീ-
യൊരുമോഹിനീ ഭാവമാടിടുമ്പോള്‍
നിന്റെ മന്ദസ്മിത പ്രഭയിലീനാളങ്ങ-
-ളാകവെ നാണിച്ചു പോവതില്ലേ.

മാനത്തു തിങ്കള്‍ മുഖം മറച്ചീടുമ്പോള്‍
നിന്‍ മുഖമെന്നിലായ് ചേര്‍ക്കുകില്ലേ തളിര്‍-
ശൃംഗാരരാഗങ്ങളാലിന്നു നീയെന്നില്‍
കുളിര്‍മഴയായൊന്നു പെയ്യുകില്ലേ..

നീലവര്‍ണ്ണാഭമാം പൂര്‍ണ്ണനിലാ‍വില്‍ നീ
സ്വര്‍ണ്ണവര്‍ണ്ണത്തിരയായിടുമ്പോള്‍
നിത്യവും പ്രേമ സങ്കല്‍പ്പങ്ങളോടൊത്ത്
ആനന്ദനര്‍ത്തകനായിടും ഞാന്‍...!