Monday, June 8, 2009

ആനന്ദഭൈരവി ...


ആനന്ദഭൈരവി രാഗങ്ങളായി ഞാന്‍ നിന്‍ രാഗമേളക്ക്യു കൂട്ടുവരാം
മന്ദാകിനീതീര മന്ദാരമോമന പൂക്കളാല്‍ തീര്‍ത്തൊരു മാലതരാം
വൃന്ദാവനത്തിലെ ശൃംഗാരലോലനാം മന്ദാനിലന്‍ തീര്‍ത്ത കൂട്ടിലേറാം
ചന്ദ്രകാന്തത്തെച്ചുംബിക്ക്യുന്നചന്ദ്രന്റ
െകിരണത്തിനൊത്തൊരു മുത്തമിടാം
........................................
.....................................................( ആനന്ദഭൈരവി....
ആയിരം താരകത്തോഴിമാരൊത്തുനീ ആ‍കാശഗംഗയില്‍ നീരാടുമ്പോള്‍
വിടരുന്നൊരലകളങ്ങായിരം ഞൊറിഞ്ഞുടുത്താനന്ദനൃത്തം ഞാന്‍ കൂടെയാടാം
ആടുമ്പോളായിരം കനകപത്മങ്ങളാല്‍ കാമിനീനിന്നില്‍ ഞാന്‍ തേന്‍ ചൊരിയാം
കനവുകള്‍ തേടുന്ന കാളിന്ദിയാകും നിന്‍ കാര്‍ക്കൂന്തലില്‍ മുങ്ങി ഞാന്‍ രമിക്ക്യാം
........................................
......................................................( ആനന്ദഭൈരവി....
നിന്റെപാല്പുഞ്ചിരിതാളമൊത്തോര്‍മ്മകള്‍ മാരിവില്ലിന്‍ വര്‍ണ്ണമണികിലുക്കും
കുങ്കുമസന്ധ്യനിന്‍ ചെമ്പകചേലൊത്ത കവിളിണകള്‍ രണ്ടും തലോടിനില്‍ക്കും.
മന്മഥനില്‍നിന്നും കടമെടുത്തോമനേ ശൃംഗാ‍രഭാവങ്ങള്‍ നിനക്കുനല്‍കാം
പ്രകൃതിതന്‍ ലാസ്യസൌന്ദര്യങ്ങള്‍ ചാലിച്ചു പ്രിയങ്കരീ നീ തിരിച്ചു നല്‍കൂ...
........................................
...........................................................( ആനന്ദഭൈരവി....

ആനന്ദത്തിന്‍ പൂക്കള്‍...

ആനന്ദത്തിന്‍ പൂക്കള്‍ വിടരും ആരാമം കണ്ടു
ആനന്ദപൂങ്കുളിരലഞോറിയിടും ആറ്റോരം കണ്ടു
ആകാശത്തില്‍ വെണ്മേഘത്തിന്‍ ആമോദം കേട്ടു
ആനന്ദപ്പൂങ്കിളിയേ നിന്നുടെ അഴകും ഞാന്‍ കണ്ടു..............( ആനന്ദത്തിന്‍ പൂക്കള്‍ .....

നിന്റെ പാദസ്വരങ്ങള്‍ കിലുക്കും കാറ്റിന്‍ പാട്ടിന്നീണത്തില്‍
പാതിരാമുല്ലകള്‍ തമ്മില്‍ ചൊല്ലും കിന്നാരം കേട്ടു
പാലൊളിചിന്നി പൂനിലാവു ചൊല്ലും നിന്‍ കഥകേള്‍ക്കേ
പവിഴപ്പളുങ്കു ചിതറും പോല്‍ നിന്‍ പൊട്ടിച്ചിരികേട്ടൂ..................( ആനന്ദത്തിന്‍ പൂക്കള്‍ .....


സൂര്യനെ നോക്കി കൊഞ്ചും താമര അല്ലികളെപ്പോലെ
സ്വര്‍ണ്ണപരാഗത്തമ്പുരു മീട്ടും തിങ്കളിനെപ്പോലെ
കാറ്റില്‍ വിരിയും നടന മയൂര പീലികളെ പ്പോലെ
കനവില്‍ കാണും കാമിനി നിന്നുടെ കടമിഴിയിണരണ്ടും................( ആനന്ദത്തിന്‍ പൂക്കള്‍ .....

Saturday, June 6, 2009

കവിത തന്നെ ജീവിതം
കവിത തന്നെ മരണവും
കവിത തന്നെ കാലചക്രം
കറക്കിടുന്ന ശക്തിയും....!!
.................................................................
കാണുന്നതൊക്കവെ സ്വപ്നമാണെന്നതും
കാണുന്ന സ്വപ്നങ്ങള്‍ സത്യമാണെന്നതും
തോന്നുന്നന്നേരം അതൊന്നുറപ്പിക്ക്യുക
ഭ്രാന്ത്..ഭ്രാന്താണു..ഭ്രാന്താണതെന്ന് ........!!
...................................................
സ്നേഹിപ്പതാരെ ഞാന്‍ ‍....?
സ്നേഹിപ്പതെന്നെ ഞാന്‍
സ്നേഹിപ്പതെന്തിന്ന്‍ ......?
സ്നേഹത്തിനായി............
...................................................................
ശങ്കരന്‍ നെഞ്ചിലെ ശൃംഗാര കുങ്കുമം
തന്റെ തന്റെയെന്നു ശങ്കരീദേവിയും
ദേവതാ ഗംഗയും തമ്മിലായ് കൈലാസ
ശൈലേ കലഹിപ്പതോര്‍ത്തു തൊഴുന്നു ഞാന്‍...
.................................................................
മഴയൊന്നു പെയ്തതും മാക്രികരഞ്ഞതും
മന്ദാരച്ചോട്ടിലെ മുല്ലവിരിഞ്ഞതും
മെല്ലെ നടക്കുന്ന കുഞ്ഞെലി തന്നുടെ
മാംഗല്യയോഗത്തിന്‍ നിമിത്തമത്രേ....!!
.........................................
പണ്ടത്തെ വാനരന്‍
പിന്നെ വാ പോയ് നരന്‍
ഇനിയൊന്നു പോകിലോ
ഹയ്യോ...വെറുമൊരന്‍ ....!!
.....................................................
തുമ്പപ്പൂവിന്‍ തുള്ളല്‍ കണ്ട്
തുമ്പികളെല്ലാം തുള്ളല്‍പഠിച്ചു
തുമ്പികള്‍തന്നുടെ തുള്ളല്‍ കണ്ട്
തുമ്പിക്കൈയ്യന്‍ നിന്നു ചിരിച്ചൂ.......
....................................................................
പദങ്ങളെല്ലാം വിഭോ വരുന്നതല്ലേ ..അത്
പരമാത്മാചൈതന്യ ലീലയല്ലേ....
നമുക്കറിയാത്തതും നമുക്കറിയുന്നതും
നമ്മിലൂടെന്നായൊഴുകി വരും.....!!
...........................................
കെട്ടഴിഞ്ഞുപൊട്ടി
തട്ടിവീണതാണു ഞാന്‍
തൊട്ടിലൊന്നു കെട്ടി
കുട്ടിയാക്കുനെന്നെ......!
....................................................
പോവല്ലേ പോവല്ലേ കൂട്ടുകാരീ
പോവ്വാ‍തിരുന്നാല്‍ കൂട്ടുകൂടാം
പൂവനാം കോഴിതന്‍ കൂവല്‍ കേട്ടാല്‍
പാട്ടു നിറുത്തി പണിക്ക്യു പോകാം
..............................................................................
വെറുതേ ജ്വലിച്ചിടും സൂ‍ര്യന്നു ചുറ്റും
വെറുതേ കറങ്ങുന്ന പന്താണു ഭൂമി
വെറുതേ കറങ്ങുമാ പന്തിന്നു മുകളില്‍
വാശിക്ക്യു പന്തു കളിക്ക്യുന്നു നമ്മള്‍
.......................................................................................................
പോരിക പോരിക പോരാട്ടത്തിനു പ്രേമത്തിന്‍ പടവാളേന്തീ
പോരിക പോരിക വിപ്ലവവീര്യം ആത്മാ‍ര്‍ത്ഥതയില്‍ ചേര്‍ത്തങ്ങ്
പോരിക പോരിക മണ്ണിതില്‍ മാനവ വിത്തുകള്‍ നട്ടുമുളപ്പിക്ക്യാന്‍
പോരിക പോരിക വര്‍ഗ്ഗീയതയെ വെട്ടി ശാസ്ത്രം ഉണര്‍ത്തീടാന്‍
...............................................................
കാത്തിരിപ്പൊന്നങ്ങു തീരുന്ന നാളില്‍
കരിങ്കര്‍ടക കരിനീലരാവില്‍
വെള്ളിടിവെട്ടിഞാന്‍ ഘോരമായ് വന്നിടാം
വങ്കനാം ഒരു വര്‍ഷപാതമായ് മാറി.
..............................................................
നൂറുതികക്ക്യുവാന്‍ ആറൊരു പത്തും
പതിനാറതൊന്നും മൂവട്ടമെട്ടും
ചേര്‍ത്തങ്ങുകൂട്ടി തൊട്ടിലില്‍ കെട്ടി
മാനത്തു നോക്കി പാട്ടൊന്നു പാടാം.....!
................................................................
മൂന്നിനായ് തേടിഞാനുലകങ്ങള്‍ മൂന്നും
മൂന്നുയുഗത്തിലും മൂന്നുകാലത്തിലും
മനസ്സങ്ങുതേടി തളര്‍ന്നോരു നേരം
മൂര്‍ത്തികള്‍ മൂവരും മൂന്നായി വന്നു.
.................................................................
തീയ്യില്‍ കുരുപ്പതും തീയ്യാല്‍ കൊരുപ്പതും
തിങ്കളിന്‍ ശോഭകള്‍ ചാലിച്ചെടുപ്പതും
തങ്കം പൊടിയുന്ന ചിത്രം രചിപ്പതും
തമ്പുരാന്‍ തന്നുടെ തൂലികയാം മനം..
.................................................................
കാമാഗ്ഗ്നിയാല്‍ ജനിച്ചവന്‍
ജഠരാഗ്നിയാല്‍ വളര്‍ന്നവന്‍
ചിതാഗ്നിയില്‍ ലയിപ്പവന്‍
അതിനാലവനൊരു കോപാഗ്നി..!