Tuesday, December 15, 2009

യ ക്ഷി പ്രണയം...!


അന്തരംഗം തുടിക്ക്യുന്നൂ എന്നുകാണും നിന്നെയെന്ന്
എന്നുമെന്നും എന്‍ കിനാവില്‍ വന്നുപോകും ഓമലാളെ
കാറ്റിലാടും കൊന്നപൂവും പാട്ടുമൂളും പൂങ്കുയിലും
കാന്തികാണാന്‍ കാത്തുനില്‍പ്പൂ കാവ്യമൊഴുകും ഇമകള്‍ തേടി.

പൊന്‍പ്രഭാതകിരണമേല്‍ക്കെ ഗാ‍നമോതും തന്ത്രിപോലെ
പൂ നിലാവിന്‍ ചുംബനത്തില്‍ നാണമെഴുതും മേഘമായി
മനസ്സുതന്നില്‍ ചെമ്പകത്തിന്‍ ഗന്ധമേകും പുഷ്പമാകാന്‍
കാത്തിരിപ്പൂ സപ്തരാഗ വീചികള്‍ തന്‍ മണ്ഡപത്തില്‍.

വന്നുപുല്‍കും കാമിനീനിന്‍ കടപ്പല്ലിന്‍ മൂര്‍ച്ഛയുഗ്രം
അഗ്രഭാഗത്താലെടുക്കൂ പിന്‍ കഴുത്തിന്‍ നാഡിയോന്ന്
ദാഹശമന ദാന രക്തം വലിച്ചൂറ്റികുടിക്ക്യുമ്പോള്‍
പിടക്ക്യുമിവന്‍ പ്രേമത്തിന്‍ മൂര്‍ത്തമാം മൂര്‍ച്ഛയില്‍...!

ഗൃഹാതുരത്ത്വധ്വനി


കിനാവിന്റെ ജാലകവാതിലൂടെ ഞാന്‍
തേടുന്നു ബാല്യ ഗൃഹാതുരത്ത്വധ്വനി
ദുംന്ദുഭിനാദമുതിര്‍ത്തും മഴമേഘ-
മാലയെ നോക്കിയിരുന്നപുല്പാടവും

അതിലൂടെയോടിക്കളിക്ക്യും മനസ്സിനെ
പോലെയാ കാലിക്കിടാവിന്‍ കുസൃതിയും
അമ്മിഞ്ഞപാലിനോടൊത്തൊരമൃതാകും
അമ്മപശുവിന്റെ ചൂടിളം പാലും

ഓലക്കുടക്കീഴിലൊപ്പംനടക്കവെ
ഏടത്തിചൊല്ലുന്ന നാരായണീയവും
അയലത്തെവീട്ടിലെ കുഞ്ഞുമീനാക്ഷിയും
കണ്‍കളില്‍ കൌതുകമുണരും കടാക്ഷവും

കുന്നത്തെകാവിലെകോമരം തുള്ളലും
ചേലൊത്തരാവങ്ങു ചേരും ഗായത്രിയും
വടക്കേമുറിയിലെ വരിക്ക്യതന്‍ കട്ടിലില്‍
മുത്തശ്ശിയോടൊത്തുറങ്ങാന്‍ കിടപ്പതും

യക്ഷികഥയോര്‍ത്തു ഞെട്ടിത്തെറിച്ചതും
മുത്തശ്ശിയെവട്ടം കെട്ടിപ്പിടിച്ചതും
രാവിലെയാറില്‍കുളിച്ചുകയറുമ്പോള്‍
തീരത്തെ മഞ്ചാടികുരുക്കള്‍ പെറുക്കലും

മുത്തുചിതറിടും നിഷ്കളഭാവത്തിന്‍
ഓര്‍മ്മകളൊഴുകിടും ഗൃഹാതുരത്ത്വധ്വനി.

Saturday, December 12, 2009

...കൈലാസയാത്ര...

വേദഭാവലയ രാമനാമമതു തേടിടുന്നകുയിലേ...
മണിവീണരാഗരവ വര്‍ണ്ണരാജികളിലാടിടുന്ന മയിലേ...
ഹംസറാണിയവരേന്തിടുന്ന ഹിമനൌകതന്റെ കുളിരില്‍..
കണ്ടുവോ മദനഭസ്മം തീര്‍ത്തൊരാ കണ്ണിലെ പ്രണയബിംബം.

വിശ്വതാളമതു നിന്നു പോയിടും ചഞ്ചലാക്ഷിവിക്ഷേപവും
പ്രണയക്ഷീരവര ധാര ചാര്‍ത്തിടും തുടുത്തമാറിടകണ്‍കളും
സൂര്യകാന്തിയങ്ങേറ്റു മിന്നിടും അരയിലെ നവരത്നവും
കണ്ടുവോ കാലാ‍ന്തകത്തപ നാശകം ഭാവജാലവും
ക്ഷീരസാഗര ശയന മാധവ സോദരി ഉമാശങ്കരി
കൈലാസജീവനം ദേവദേവന്റെ വാമഭാഗമായ് ചേര്‍ന്നതും.
കണ്ടുവോ...
മണിവീണരാഗരവ വര്‍ണ്ണരാജികളിലാടിടുന്ന മയിലേ...
വേദഭാവലയ രാമനാമമതു തേടിടുന്നകുയിലേ...

Friday, December 11, 2009

...നൃത്തശില്പം...


കാവ്യങ്ങളുണരുന്ന കനകച്ചിലങ്കതന്‍
കമനീയ നാദങ്ങള്‍ തേടും മനസ്സിനെ
കാണാതെ പോകുന്ന ക്രൂരമാം കല്ലില്‍
തീര്‍ത്തിരിക്ക്യുന്നതോ ശില്പസൌന്ദര്യം...?

മൃദംഗതാളങ്ങളില്‍ രാഗലാവണ്യമാം
രമണീയ കാഞ്ചന ജ്വാലയുതിര്‍ത്തിടും
ലാസ്യഭാവങ്ങള്‍തന്‍ കാന്തിചേരുന്നൊരു
കനകച്ചിലങ്ക നിന്‍ പാദം മറക്കുമോ..?

തുള്ളിത്തെറിച്ചിടും മണികിലുക്കങ്ങളും
വെള്ളിമേഘസ്വന തിങ്കള്‍ കിനാക്കളും
നടനമാടുന്നൊരീ മണ്ഡപം തന്നിലായ്
ആടാത്തതെന്തുനീ സ്വര്‍ഗ്ഗീയ ശില്പമേ...?

വര്‍ണ്ണങ്ങളേഴും വിതറുന്ന വീഥികള്‍
നിറദീപനാളങ്ങള്‍ തെളിയുന്ന പാതകള്‍
പാദാംഗുലീസ്പര്‍ശമേല്‍ക്കാന്‍ കൊതിക്ക്യുന്നു
എന്നിട്ടുമെന്തിനീ മൌന നൃത്തം സഖേ...?

നിറമാറങ്ങുലയുന്ന നൃത്തപഥങ്ങളും
നീണ്ടകാര്‍ക്കൂന്തലിന്‍ വൃത്തസഞ്ചാരവും
നവരസ ഭാവവര്‍ണ്ണാങ്കിത വദനവും
തേടുന്നു മദനനും സൌന്ദര്യശില്പമേ...!

ചുടലഭദ്രകാളി....!


രക്തവര്‍ണ്ണാങ്കിതഘോരമാംകൂന്തലും
ലോകം നടുക്കിടുമട്ടഹാസങ്ങളും
ക്രൂരനേത്രത്തിലെ തീപ്പൊരിപ്പാറലും
ചുടലയിലാടിടും നടനഭാവങ്ങളും

തൂങ്ങുന്നതലയോട്ടിമാലതന്‍ കണ്ണില്‍
ചുറ്റിപ്പിടക്ക്യുന്ന കരിനാഗക്കൂട്ടവും
തുള്ളും മുലകളില്‍ തട്ടിതെറിക്ക്യുന്ന
കടപ്പല്ലിന്നിടയിലൂടൊഴുകുന്നനാക്കും

കഴുത്തില്‍ പിണഞ്ഞു കിടക്കുന്ന നാഗം
വലിച്ചുകുടിക്ക്യും തടമുലക്കണ്ണും
കൈയ്യിലെകാരിരുമ്പിന്‍ കൊടുവാളതും
ചവിട്ടില്‍ കിലുങ്ങുന്ന ചെമ്പിഞ്ചിലങ്കയും

കത്തുന്നിടംതുടയസ്ഥിയൊരുകയ്യിലും
ഇടമ്പല്ലില്‍കൊരുത്തിട്ട വന്‍ കുടല്‍ മാലയും
കൂന്തലടിച്ചു തെറിക്ക്യും നിതംബവും
അരയിലൊരു ചങ്കിനാല്‍ അലംകാര മാലയും

ചുടലാഗ്നിപടരുന്നകടീതടരോമവും
രാജാധിവെമ്പാല തളയിട്ട കാലും
കത്തുംശവങ്ങളെ കീറിവലിക്ക്യുന്നൂ
ഭദ്രകാളി ചുടലഭദ്രകാളി....!